ആരും ജയിലില്‍ കിടന്ന് ഭരിക്കേണ്ട; ബില്ലിനെ എതിര്‍ക്കുന്നത് അഴിമതിക്കാര്‍: മോദി
പട്‌ന: ജയിലില്‍ കിടന്നു ഭരിക്കാമെന്ന് ആരും ആഗ്രഹിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാര്‍ക്കെതിരെയാണ് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നത്. പ്രധാനമന്ത്രി പോലും നിയമത്തിന്റെ പരിധിയില്‍ വരും. അഴിമതിക്കാരാണ് ബില്ലിനെ എതിര്‍ക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ബിഹാറിലെ ഗയയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബില്‍ കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണ്. ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ചുകൊല്ലമോ അതില്‍ക്കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്, അറസ്റ്റിലായി മുപ്പതുദിവസം ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ ഏത് മന്ത്രിയെയും നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലില്‍ ആദ്യമായാണ് പ്രധാനമന്ത്രി പൊതുവേദിയില്‍ പ്രതികരിക്കുന്നത്. 'ആരും നിയമത്തിന് അതീതരായിരിക്കരുത്. എന്നാല്‍ ചില മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, അല്ലെങ്കില്‍ പ്രധാനമന്ത്രിമാര്‍ പോലും ജയിലില്‍ കഴിയുമ്പോള്‍ അധികാരം ആസ്വദിക്കുന്നു. അതെങ്ങനെ സാധ്യമാകും?. ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 50 മണിക്കൂര്‍ തടവിലാക്കിയാല്‍, അയാള്‍ക്ക് ജോലി നഷ്ടപ്പെടും. അത് ഡ്രൈവറായാലും ക്ലാര്‍ക്കായാലും പ്യൂണായാലും എല്ലാം. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കോ മന്ത്രിക്കോ പ്രധാനമന്ത്രിക്കോ ജയിലില്‍ നിന്നുപോലും സര്‍ക്കാരിന്റെ ഭാഗമായി തുടരാന്‍ സാധിക്കുന്നു'. പ്രധാനമന്ത്രി പറഞ്ഞു. കുറച്ചുകാലം മുമ്പ്, ജയിലില്‍നിന്ന് ഫയലുകള്‍ ഒപ്പിടുന്നതും സര്‍ക്കാര്‍ ഉത്തരവുകള്‍ ജയിലില്‍നിന്ന് നല്‍കുന്നതും നമ്മള്‍ കണ്ടു. നേതാക്കളുടെ മനോഭാവം ഇങ്ങനെയാണെങ്കിൽ നമുക്കെങ്ങനെ അഴിമതിക്കെതിരെ പോരാടാനാകും?. നരേന്ദ്രമോദി ചോദിച്ചു. എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒരു നിയമം കൊണ്ടുവന്നിട്ടുണ്ട്, പ്രധാനമന്ത്രിയും അതിന്റെ പരിധിയില്‍ വരുമെന്നും മോദി കൂട്ടിച്ചേർത്തു. ഡല്‍ഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയായി തുടര്‍ന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളിന്റെ നടപടിയെ പരാമർശിച്ചു കൊണ്ടാണ് പ്രധാനമന്ത്രിയുടെ പരാമർശം. വരാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് പ്രധാന വെല്ലുവിളിയായ ആർജെഡിയെ മോദി രൂക്ഷമായി വിമർശിച്ചു. ആർജെഡിയുടെ ഭരണകാലം ബിഹാറിനെ റാന്തൽ കാലത്തേക്ക് കൊണ്ടുപോയി. സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടു. ബിഹാറിന്റെ പിന്നാക്കാവസ്ഥയ്ക്കും നിയമവാഴ്ചയില്ലായ്മക്കും കാരണമായി. ബിഹാറിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അന്തസ്സും വികസനവുമെല്ലാം അവഗണിച്ച്, ആളുകളെ വെറും വോട്ടു ബാങ്കായി മാത്രമാണ് ആർജെഡി കണ്ടിരുന്നതെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.